Wednesday, 18 September 2013


എങ്ങനാ നക്സലൈറ്റാവാ? 

ഗായിക പുഷ്പവതിയുടെ ബാല്യകാല സംശയം അഥവ 'ഇടവഴിയിലെ ഇരുട്ട് ' 


20 വര്‍ഷമെങ്കിലും കഴിഞ്ഞുകാണും.
പത്താം ക്ലാസ്സ് ഗോയിംഗ് വെക്കേഷന്‍ ക്ലാസ് നടക്കുകയാണ്. അന്നത്തെ ക്ലാസ്സു കഴിഞ്ഞു. പുഷ്പവതി എന്റെ അടുക്കലേക്കു വന്നു. (പുഷ്പവതിയെ കുട്ടികാലം മുതല്‍ ക്കേ എനിക്കറിയാം. അവരുടെ രണ്ടു ചേചച്ചിമാരേയും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട് അതിലൊരാള്‍ , ഗീത, വനിതാ ഏ.എസ്.ഐ ആണ് ഇപ്പോള്‍ .)
ക്ലാസ് സംബന്ധമായ എന്തെങ്കിലും സംശയം ചോദിക്കാനാവുമെന്നാണ് ഞാന്‍ കരുതിയത്. സംശയം മറ്റൊന്നായിരുന്നു:
“മാഷേ, നക്സലൈറ്റ് പാര്‍ട്ടിയില്‍ എങ്ങനാ ചേരാന്‍ കഴിയാ?”
സംഗതി ഗുരുതരമാണല്ലോ. ഒരു 14 കാരിക്ക് നക്സലൈറ്റ് ആവണം പോലും!
“കുട്ടികള്‍ക്കങ്ങനെ പാര്‍ട്ടിയില്‍ ചേരാന്‍ പറ്റില്ല. ആദ്യം വിദ്യാര്‍ത്ഥി സംഘടനയിലും, പിന്നെ യുവജനവേദിയിലും ചേരണം.”
എന്നാല്‍ അങ്ങിനെയെങ്കില്‍ അങ്ങിനെ.. അതും ഒരു ചെറിയ നക്സലൈറ്റ് ആണല്ലോ......
അങ്ങിനെ പുഷ്പവതി കെ.വി.എസ്സിലും, യുവജനവേദിയിലും പ്രവര്‍ത്തിച്ചു. പാട്ടുകാരിയെന്ന നിലയില്‍ ജനകീയ കലാ സാഹിത്യവേദിയിലും. “സ്വര്‍ഗ്ഗത്തെ കടന്നാക്രമിച്ച ഗാനങ്ങള്‍” എന്നപേരില്‍ കെ.എ. രമേഷ് കുമാര്‍ ചിട്ടപ്പെടുത്തിയ വിപ്ലവഗാനങ്ങളുടേയും മാവോ കവിതകളുടെ സംഗീത ആവിഷ്ക്കാരങ്ങളുടേയും ഒരു സമാഹാരത്തില്‍ പുഷ്പവതി മുഖ്യ ഗായിക ആയിരുന്നു. കാസറ്റ് പുറത്തിറക്കുന്ന ദിവസം തൃശ്ശൂര്‍ തെക്കേ ഗോപുരനടയില്‍ ഗായകസംഘം ഓക്കസ്ട്ര സഹിതം പാടാന്‍ പരിപാടി ഉണ്ടായിരുന്നു. പക്ഷേ പുഷ്പവതി തയ്യാറായില്ല. വിപ്ലവ ഗാനങ്ങള്‍ പരസ്യവേദിയില്‍ പാടില്ലെന്നും, ശുദ്ധ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമായിരുന്നു പുഷ്പവതിയുടെ അപ്പോഴത്തെ നിലപാട്. അവസാന നിമിഷം ഗാനാലാപന പരിപാടി ഒഴിവാക്കി കാസറ്റ് പ്രകാശനം ചെയ്തു.!

ഇതുപോലെ ചില്ലറ കാര്യങ്ങളില്‍ പലപ്പോഴും വിയോജിപ്പ് പുലര്‍ത്താറുണ്ടെങ്കിലും ഞങ്ങളുടെ വ്യക്തിബന്ധം മുന്നോട്ടുപോയി. പരസ്പരം കാണുമ്പോള്‍ ഒരുപക്ഷേ ഇതെല്ലാം മനസ്സില്‍ ചെറിയ തോതില്‍ അലട്ടാറുണ്ടെങ്കിലും.

നാലോ അഞ്ചോ വര്‍ഷം മുന്‍പാണെന്ന് തോന്നുന്നു, മണിമലര്‍ക്കാവ് ഉത്സവം കണ്ട് സന്ധ്യക്ക് മടങ്ങുകയായിരുന്നു. എന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് പ്രവേശിച്ചു. മുഖവുരകൂടാതെ പുഷ്പാവതി പറഞ്ഞു: 

‘എനിക്ക് കുറേ തെറ്റുകള്‍ പറ്റിയിട്ടുണ്ട്. മാഷൊന്നും വിചാരിക്കരുത്..... എന്നോട് ക്ഷമിക്കണം......... എനിക്ക് മാപ്പു തരണം”
പുഷ്പയുടെ തൊണ്ടയിടറുന്നത് എനിക്ക് വ്യക്തമായ അറിയാമായിരുന്നു. എന്നാല്‍  എന്റെ കണ്ണുകള്‍ നിറഞ്ഞത് പുഷ്പവതി കാണാതെ രക്ഷപ്പെടാന്‍
ഇടവഴിയിലെ ഇരുട്ട്.എന്നെ സഹായിച്ചു.

.........................................
എനിക്കും എന്റെ മകനും ഫോട്ടോഗ്രാഫി അറിയാമായിരുന്നിട്ടും, വീട്ടില്‍ ക്യാമറകള്‍ ഉണ്ടായിരുന്നിട്ടും കൂട്ടുകാരുമൊത്തുള്ള ഫോട്ടോകള്‍ കാര്യമായി എടുക്കുകയോ, എടുത്തവ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല.. അത് എനിയെങ്കിലും പരിഹരിക്കണം എന്നതിന്റെ പേരില്‍ ഇന്ന് പുഷ്പാവതി വീട്ടില്‍ വന്നപ്പോള്‍ ഒരു ഫോട്ടോ ....

2 comments:

  1. അനുഭവക്കുറിപ്പുകള്‍ നന്നായി പകര്‍ത്തിയിരിയ്ക്കുന്നു
    വായിയ്ക്കാന്‍ രസമുണ്ട്

    ReplyDelete