Wednesday, 25 September 2013

 

ഇ.എം.എസ്സിന്റെ വിക്കല്‍ മാറിയ ചരിത്ര സം ഭവം


ചെറുപ്പത്തില്‍ എനിക്ക് വലിയ തോതില്‍ വിക്കലുണ്ടായിരുന്നു. സംസാരിക്കാന്‍ വലിയ പ്രയാസം. അക്കാലത്ത് പലരും എന്നെ ഇ.എം.എസ് എന്നാണ് വിളിച്ചിരുന്നത്.  ചിലര്‍ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല. വേലൂര്‍ മണിമലര്‍ക്കാവ് സമരനായികയും ഇയ്യിടെ അന്തരിക്കുകയും ചെയ്ത വേളത്ത് ലക്ഷ്മിക്കുട്ടി വല്ല്യമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ സ്നേഹത്തോടെ ആ പേര് വിളിച്ചിരുന്നത്. അവര്‍ ചായപ്പീടികയിലേക്ക് പാല് കൊണ്ടവരുമ്പോള്‍ ഞാന്‍ പള്ളി സ്ക്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയാവും. എന്നെ ചായപ്പീടികയിലേക്ക് വിളിച്ചു കൊണ്ടുപോയി പാലുവെള്ളവും പരിപ്പുവടയും വാങ്ങിത്തരുമായിരുന്നു. അതുകൊണ്ടാണോ എന്നെനിക്കറിയില്ല വല്ല്യമ്മ എന്നെ ഇ.എം.എസ്സേ ഇന്നു വിളിക്കുമ്പോള്‍ എനിക്കതൊരു കുളിരായിരുന്നു. ഞാനേറെ വലുതായിട്ടും, വിക്കലൊക്കെ മാറി ട്യൂട്ടോറിയല്‍ അദ്ധ്യാപകനായി വലിയ അംഗീകാരം നേടി നില്‍ക്കുന്ന കാലത്തും അവരെന്നെ പരസ്യമായി അതുതന്നെ വിളിക്കുമായിരുന്നു. ഞാനൊരു കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ് അങ്ങിനെ വിളിക്കുന്നതെന്ന് ആളുകള്‍ കരുതി. പൂര്‍വ്വകഥ അവര്‍ക്കാര്‍ക്കും കാര്യമായി ഓര്‍മ്മയുമില്ല.
സ. ഇ.എം.എസ്
വിക്കനായിരുന്നതുകൊണ്ട് ഒട്ടേറെ മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. ചിലര്‍ "പിക്കാ " എന്നാണ് വിളിക്കുക. ഒരിക്കല്‍ എന്റെ ഏഴാം ക്ലാസ്സ് കാമുകി ചന്ദ്രമതി കേള്‍ക്കേ ഒരിക്കല്‍ വിളിച്ചപ്പോള്‍ സംഭവിച്ചത് ഇത്തിരി കടന്നകയ്യായിപോയി. തന്തയെ 'കുറ്റിച്ചൂല്‍ ' എന്ന കുറ്റപ്പേര് വിളിച്ചപ്പോള്‍ ചീറിയടുത്ത ഒരു പയ്യനില്ലേ, 'കാരമസോവ് സഹോദരന്മാര്‍ ' എന്ന നോവലില്‍ , ഏതാണ്ടതുപോലെ ഞാനവന്റെ മേല്‍ ചാടി വീണ് അവന്റെ മുഖമാകെ മാന്തിപ്പൊളിച്ചു. അന്ന് സ്റ്റാഫ് റൂമില്‍ കീറിപ്പറിഞ്ഞ ഷര്‍ട്ടുമിട്ട് മുഴുവന്‍ അദ്ധ്യാപകരുടെ മുന്നില്‍ വെച്ച് എന്നെ വിചാരണ ചെയ്തപ്പോഴും, എന്റെ പേരുള്ള ശേഖരന്‍ മാഷില്‍ നിന്ന് നീളമുള്ള ചൂരല്‍ കൊണ്ട് രണ്ട് അടി ഏറ്റുവാങ്ങുമ്പോഴും ചന്ദ്രമതിയുടെ വിഷയം പറയാനാവാതെ എനിക്കുണ്ടായ വിങ്ങല്‍ പറഞ്ഞറിയിക്കാന്‍ വയ്യ. ആത്മഹത്യ ചെയ്യണമെന്ന തീരുമാനത്തോടെയാണ് ഞാനന്ന് വീട്ടിലേക്ക് മടങ്ങിയത്! (ചന്ദ്രമതിയുടെ വിശേഷം കേള്‍ക്കാന്‍ താല്‍പ്പര്യം തോന്നാം, പറയാന്‍ എനിക്കുമതേ. അത് എനിയൊരിക്കല്‍ )

വിക്കലുള്ളവര്‍ക്കറിയാം, 'പ' എന്നും പ്രത്യേകിച്ച് 'പ്ര' എന്നും ഉച്ചരിക്കാന്‍ വിക്കലുള്ളവര്‍ക്ക് വലിയ പ്രയാസമാണ്. ക്ലാസ്സില്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'പ്രസന്റ് ' എന്ന് പറയാന്‍ ഞനേറെ ബുദ്ധിമുട്ടിയിരുന്നു. എനിക്ക് മുന്നേയുള്ള നാലഞ്ചു കുട്ടിയുടെ നമ്പര്‍ വിളിക്കുന്നതിനു മുന്‍പേ ഞാന്‍ 'പ്രസന്റ്' പറയാന്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കും. പക്ഷേ, എന്റെ നമ്പറും കഴിഞ്ഞ് നാലഞ്ചു കുട്ടിയുടെ നമ്പറ്‍ വിളിക്കുകുമ്പോഴേ എനിക്ക് 'പ്രസന്റ് ' ഏകദേശം സ്റ്റാര്‍ട്ടായി കാണൂ.. അതുകൊണ്ട് മിക്കവാറും ദിവസങ്ങളില്‍ ഹാജരെടുത്ത് ടീച്ചര്‍ പോകുമ്പോള്‍ പുറകെ ചെന്നാണ് ഞാന്‍ പ്രസന്റ് പറയുക. ഒടുവില്‍ ഞാനും ടീച്ചറും തമ്മില്‍ രഹസ്യ ധാരണയിലെത്തി, എന്റെ നമ്പര്‍ വിളിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റു നില്‍ക്കും!
കുഞ്ഞിറ്റി മാസ്റ്റര്‍

സ്ക്കൂള്‍ യൂത്ത് ഫെസ്റ്റിവെല്ലില്‍ ഞാന്‍ ഓട്ടം തുള്ളല്‍ , കഥാപ്രസംഗം, മോണോ ആക്റ്റ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ച് സദസ്സിനെ ചിരിപ്പിച്ച് രസിപ്പിക്കുമായിരുന്നു, കൂടുതലും എന്റെ വിക്കലിന്റെ പിന്‍ബലത്തില്‍ . സ്ക്കൂളില്‍ പ്രസംഗത്തിനുള്ള അവസരങ്ങളുണ്ട്. ആദ്യമൊക്കെ ഞാന്‍ ചാടികയറി പ്രസംഗിക്കുമായിരുന്നു. എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാകാനുള്ള താല്‍പര്യംകൊണ്ട്. പിന്നെ പിന്നെ പ്രസംഗിക്കാന്‍ മടിയായി. പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറിയാലുടനെ കുട്ടികളും അദ്ധ്യാപകരും ചിരിക്കാന്‍ തുടങ്ങും. ചിരിക്കുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് പാടുപെട്ട് ചിരി അടക്കി നിര്‍ത്തിയവര്‍ പോലും ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ പൊട്ടിയൊരു ചിരിയാണ്. ആയിരത്തിലേറെ കുട്ടികളുടെ പൊട്ടിച്ചിരിയുടെ മുന്നില്‍ ഗൗരവം വിടാതെ പ്രസംഗം തുടരുന്ന എന്റെ അപ്പോഴത്തെയവസ്ഥ നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കണം. ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴത്തെ ആഗസ്റ്റ് 15. അന്ന് പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന രാജന്‍ (പി.കെ.രാജന്‍ മാഷ്, എന്‍ .സി.പി യുടെ സംസ്ഥാന നേതാവാണിപ്പോള്‍ ) ആയിരുന്നു സ്ക്കൂളിലെ നമ്പര്‍ വണ്‍ പ്രസംഗകന്‍ . ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ കേവലം പുയു.  പ്രസംഗിക്കാന്‍ എനിക്ക് പ്രോത്സാഹനം നല്‍കിയിരുന്നത് ശ്രീ. കുഞ്ഞിറ്റി മാസ്റ്റര്‍ ആയിരുന്നു.

ആഗസ്റ്റ് 15. ഞാന്‍ വേദിയില്‍ . സദസ്സിന്റെ കൂട്ടച്ചിരി. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. എന്റെ മുഖം തുടുത്തു. എനിക്ക് അപ്പോള്‍ തോന്നിയതൊക്കെ  ഏറിയ വിക്കലോടെ ഒരുവിധേന പറഞ്ഞുതീര്‍ത്തു: "കണ്ണു കാണാത്ത ഒരാളോട് എല്ലാവര്‍ക്കും സഹതാപമാണ്, അവന്‍ തപ്പി തപ്പി നടക്കുമ്പോള്‍ ആരും ചിരിക്കില്ല. ഒരു നാടകത്തില്‍ ഒരു വിക്കനുണ്ടായാല്‍ മതി, ആളെചിരിപ്പിക്കാന്‍ . ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഹാസ്യ കഥാപാത്രമാണ്." സംഗതി ഏറ്റു. ഒരു വിക്കന്റെ ആത്മരോഷം കേട്ടതു കൊണ്ടാവാം പൊട്ടിച്ചിരി പെട്ടെന്ന് നിന്നു. സദസ്സ് ഗൗരവപൂര്‍ണ്ണമായി. എനിക്കും സന്തോഷമായി വളരെ കുറഞ്ഞ വിക്കലോടെ അന്ന് ഒരു കസറന്‍ പ്രകടപ്രസംഗം നടത്തി കയ്യടി നേടി.

ഇനിയാണ് 'ഇ.എം.എസ്സി'ന്റെ വിക്കലുമാറുന്ന സംഭവം വരുന്നത്. അക്കൊല്ലം തന്നെ സ്ക്കൂള്‍ യുവജനോത്സവം. ഞങ്ങള്‍ ഒമ്പതാം ക്ലാസ്സുകാര്‍ നാടകത്തിന് പേരുകൊടുത്തു. ഞങ്ങടെ സ്ക്കൂളില്‍ ചരിത്രത്തിലാദ്യമായാണ് ഒമ്പതാം ക്ലാസ്സുകാര്‍ നാടകത്തിന് പേരു കൊടുക്കുന്നത്. അതുവരെ നാടകമെന്നാല്‍ പത്താം ക്ലാസ്സുകാരുടെ മാത്രം കുത്തകയായിരുന്നു. ഇന്ത്യാ-ചൈന യുദ്ധം നടക്കുന്ന കാലം. രാജ്യസ്നേഹം വെട്ടിതുളുമ്പുന്ന നാടകം. "ബോധം ഉണരുമ്പോള്‍ " നാടകരചനയും സംവിധാനവും ശേഖര്‍ അത്താണിക്കല്‍ ! ഒരു സ്ക്കൂള്‍ വിദ്യാര്‍ത്ഥിതന്നെ നാടകമെഴുതി കളിക്കുന്നതും മറ്റൊരു ചരിത്ര സംഭവം! നാടകത്തിന്റെ അവസാനം ബോധം ഉണര്‍ന്ന് രാജ്യസ്നേഹിയായി മാറുന്ന ഒരു ധനികന്റെ ഒരു  സ്പീച്ച്  ഉണ്ട് നാടകത്തില്‍ . അതെഴുതാന്‍ എനിക്ക് അത്ര ആത്മവിശ്വാസം പോരാ. പി.കെ രാജനോട് ഒരു പ്രസംഗം എഴുതി തരാന്‍  ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ അഭ്യര്‍ത്ഥിച്ചു. രാജന്‍ പറഞ്ഞത്,  പ്രസംഗം എഴുതിതരാനൊന്നും പറ്റില്ല.  ആ വേഷം ഞാനങ്ങു അഭിനയിച്ചാല്‍ പോരേ? സന്തോഷത്തോടെ സമ്മതിച്ചു.
നാടകത്തില്‍ ഞാന്‍ വേലക്കാരനാണ്, പേര് രാമു. അത്യാവശ്യം ഡയലോഗുമുണ്ട്. നാടകാരംഭത്തില്‍ ഞാനും മറ്റൊരു വേലക്കാരനായി അഭിനയിക്കുന്ന ജോര്‍ജ്ജ് ആള്‍ഡിംഗ്ട്ടനുമാണ് രംഗത്ത്. (ആള്‍ഡിംഗ്ട്ടന്‍ ഇപ്പോള്‍ മുംബയില്‍ ദന്തിസ്റ്റാണ്) എന്റെ വിക്കല്‍ പ്രതീക്ഷിച്ചിട്ടെന്നവണ്ണം കാണികള്‍ ചിരിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ചിരി മങ്ങി സദസ്സ് അസ്ഥാനത്ത് ഗൗരവം പ്രകടിപ്പിക്കാന്‍ തുടങ്ങി. കാരണം മറ്റൊന്നുമല്ല; ഞാന്‍ ഒരക്ഷരം വിക്കുന്നില്ല! എല്ലാവര്‍ക്കും അത്യത്ഭുതം! രാജന്‍ മാസ്റ്റരുടെ അന്ത്യപ്രസംഗത്തോടു കൂടി നാടകം അവസാനിച്ചപ്പോള്‍ നീണ്ടുനിന്ന കരഘോഷം!  സാമ്രാജ്യം പിടിച്ചടക്കിയ മട്ടില്‍ വേദിവിട്ടിറങ്ങി. 
യുവജനോത്സവത്തിന്റെ നടത്തിപ്പുമാഷ് നാട്ടിക ശിവറാം എന്ന അദ്ധ്യാപകനായിരുന്നു. (പിന്നീട് അദ്ദേഹം പ്രശസ്തനായ സാഹിത്യകാരനും നടനുമായി). അണിയറയില്‍ വെച്ച് അദ്ദേഹം ചോദിച്ചു, "എടാ ശേഖരാ നിന്റെ വിക്കലൊക്കെ എവിടെ പോയടാ? " ജീവിതത്തിലാദ്യമായി നാടകമവതരിപ്പിച്ച വിജയലഹരിയില്‍ ഞാന്‍ തിരിച്ചടിച്ചു വിക്കി വിക്കി തന്നെ  "അ...തിന് വേ...ലക്കാരന്‍ രാ....മുവിന്  വി....ക്ക...ലുണ്ടായിരുന്നില്ലല്ലോ!"
ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ അമ്പരപ്പിച്ചു ...ചിന്തിപ്പിച്ചു. നീ പറഞ്ഞത് ഒരു വലിയ സത്യമാണ്. നടന് എന്ത് വൈകല്യങ്ങള്‍ ഉണ്ടായാലും കഥാപാത്രത്തിന്റെ സ്വഭാവത്തെ അത് ബാധിക്കരുത്!
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തും നാടകം അഭിനയിച്ചു. കലാസമിതിയുടെ
(1985) സോക്രട്ടീസ് നാടകത്തില്‍
ശിവജി ഗുരുവായൂര്‍ , ശേഖര്ന്‍
സികെ മാധവന്‍വാര്‍ഷികത്തിനും പൂരത്തിനും പെരുന്നാളിനും ഒക്കെ നാടകം കളിക്കും. ശ്രീ കൃഷ്ണ കോളേജില്‍ പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അടുപ്പിച്ച് രണ്ടുവര്‍ഷം ബെസ്റ്റ് ആക്റ്ററായിരുന്നു. വേദിയില്‍ ഒരക്ഷരത്തിനു പോലും വിക്ക് ബാധിക്കില്ല. അണിയറയിലും പുറത്തും സാധാരണ പോലെ വിക്കി നടക്കും.  നാടകത്തില്‍ അഭിനയിക്കുമ്പോഴുള്ള ഗൗരവവും ഒരു സ്റ്റൈലും പിന്നീട് ഞാന്‍ എന്റെ സാധാരണ സംസാരത്തിലും പാലിച്ചുപോന്നു. എന്നുവെച്ചാല്‍ ഒരുമാതിരി വിക്കലില്ലാത്ത ശേഖരനെ ഞാന്‍ അവതരിപ്പിച്ചു പോന്നു എന്നര്‍ത്ഥം. പ്രീ-ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും എന്റെ വിക്കല്‍ ഏറെക്കുറേ ഇല്ലാതായ മട്ടായി. 21 വയസ്സുള്ളപ്പോള്‍ ട്യൂട്ടോറിയല്‍ അദ്ധ്യാപകനായതോടെ സംസാരത്തിന്റെ സ്റ്റൈല്‍ കുറേകൂടി ഡീസന്റാക്കി. അങ്ങിനെ ഇ.എം.എസ്സിന്റെ വിക്കല്‍ പൂര്‍ണ്ണമായും ഭേദമായി.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ കൂടാതെ എന്റെ ക്ലാസ്സില്‍ മറ്റു രണ്ടു വിക്കന്മാര്‍ (അതിലൊരാള്‍ വിക്കിയാണ്) ഉണ്ടായിരുന്നു. പ്രൈമറി സ്ക്കൂളിലേക്ക്  പോകുമ്പോള്‍  വിക്കലുള്ള കാളവണ്ടിക്കാരനെ സ്ഥിരമായി കാണാറുണ്ട്. അയാളുടേത് അസാദ്ധ്യ വിക്കലാണ്. കണ്ണുകള്‍ തുറിച്ച് വല്ലാതെ പ്രയാസപ്പെട്ടാണ് പുള്ളിക്കാരന്‍ സംസാരിക്കുക. ഇപ്പോഴും അദ്ദേഹം ജീവിച്ചിരുപ്പുണ്ട്, പഴയപ്പോലെ തന്നെ. ജീവിതകാലം മുഴുവന്‍ വിക്കിയതുകൊണ്ടാകാം കണ്ണുകള്‍ കുറേ കൂടി പുറത്തേക്ക് തള്ളി തുറിച്ചു നില്‍ക്കുന്നു! എന്റെ മൂത്ത അമ്മാവനും വിക്കലുണ്ട്, പ്രായാധിക്യം മൂലം അവശനായെങ്കിലും വിക്കലില്‍ കുറവില്ല. സാക്ഷാല്‍ സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടും ജീവിതകാലം മുഴുവന്‍ വിക്കി വിക്കി പ്രസംഗിച്ചും സംസാരിച്ചും അന്തരിച്ചു! ലോകത്ത് വിക്കല്‍ മാറിയ ഒരാള്‍ മാത്രമേയുള്ളു. ഞാന്‍ ... ഞാന്‍ മാത്രം! അതും നാടകത്തില്‍ വിക്കലില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒടുവില്‍ വിക്കലില്ലാത്ത ശേഖരനെ അവതരിപ്പിച്ചു, അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

Friday, 20 September 2013

 

 

എന്റെ കത്തും ബഷീറിന്റെ കുത്തും

ഒരു ആശംസാകുറിപ്പിന്റെ കഥ

മലയാള സിനിമയായ 'കാറ്റത്തെ കിളിക്കൂട്' റിലീസ് ചെയ്ത കാലം. സിനിമയുടെ പത്രപരസ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒപ്പുവെച്ച ഒരു അഭിപ്രായ ശകലം. സംഗതി ഏകദേശം ഇങ്ങനെയായിരുന്നു. "കാറ്റത്തെ കിളിക്കൂട് ഒന്നാന്തരം സിനിമയാണ്. സകുടുംബം കാണാവുന്ന ചിത്രം"

ഇത്തരം പരസ്യവാചകങ്ങള്‍ മുമ്പൊരിക്കലും ബഷീര്‍ പറഞ്ഞിട്ടില്ലെന്നാണ് എന്റ അറിവ്. (ഒരുപക്ഷേ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരാരെങ്കിലും ആയിരുന്നിരിക്കാം ആ സിനിമ നിര്‍മ്മാണത്തിന് പുറകില്‍ ) ഇതെന്റെ ഉള്ളില്‍ തട്ടി. തന്നെയുമല്ല, വിശ്വവിഖ്യാതമായ മൂക്ക് " എന്ന പുസ്തകം രണ്ടാം പ്രാവശ്യം വായിച്ച കാലവും. ആ കഥയില്‍ ബഷീര്‍ പ്രധാനമായും ഉന്നം വെക്കുന്നത് ഇതാണല്ലോ: എന്തെങ്കിലും ഒരു പ്രത്യേകത, (സിനിമാതാരം ആകണമെന്നൊന്നുമില്ല, മൂക്കു നീണ്ടാലും മതി) ഒരു വ്യക്തിക്കുണ്ടായാല്‍ പിന്നെ ആ വ്യക്തി പറയുന്നതാണ് ഭൂലോക സത്യവും പരമസത്യവും! മൂക്ക് അസാധാരണമായി നീണ്ടു പോയതിന്റെ പേരില്‍ ശ്രദ്ധേയനായപ്പോള്‍ മൂക്കന്‍ തട്ടിവിടുന്ന എല്ലാറ്റിനും ഒരു ആധികാരികത്വം കൈവരുന്നുണ്ടല്ലോ. കാറ്റത്തെ കിളിക്കൂട് എന്ന സിനിമയെ കുറിച്ച് ബഷീര്‍ പതിവില്ലാതെ പരസ്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ ഞാന്‍ ബഷീറിനെഴുതി:

വിശ്വവിഖ്യാതനായ മൂക്കന്റെ സൃഷ്ടാവേ,
ഇങ്ങനെ സംബോധന ചെയ്താല്‍ മൂക്കനാണോ വിശ്വവിഖ്യാതന്‍, സൃഷ്ടാവാണോ വിശ്വവിഖ്യാതന്‍ എന്ന് സംശയം നേരിടാം. രണ്ടായാലും കുഴപ്പമില്ല. എന്തായാലും ആകാശത്തിനു കീഴിലുള്ള സര്‍വ്വമാന സംഗതികളെ കുറിച്ചും അഭിപ്രായം പറഞ്ഞിട്ടുള്ള കൂട്ടത്തില്‍ കാറ്റത്തെ കിളിക്കൂടിനെ കുറിച്ചും മൂക്കന്‍ അഭിപ്രായം പറഞ്ഞിരുന്നുവോ എന്നറിയില്ല.
ഇങ്ങനെ എഴുതാന്‍ എനിക്കെന്താണ് അവകാശം എന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടാവും. താങ്കളുടെ മിക്കവാറും എല്ല (വി)കൃതികളും എന്റെ ട്യൂട്ടോറിയല്‍ കോളേജിന്റെ ലൈബ്രറിയില്‍ ഉണ്ട് എന്നതു മാത്രമാണ്.

കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു. മൂക്കനെപോലെയാണോ മൂക്കന്റെ സൃഷ്ടാവും എന്ന എന്റെ മൃദുവായ കുത്ത് അദ്ദേഹത്തിന് ഏറ്റു കാണും. ഞാന്‍ ട്യൂട്ടോറിയല്‍കാരനാണെന്ന് എന്റെ കത്തില്‍ തന്നെ സൂചനയുമുണ്ട്.  അതുവെച്ച് എനിക്കദ്ദേഹം മംഗളം നേര്‍ന്നു.

Wednesday, 18 September 2013


എങ്ങനാ നക്സലൈറ്റാവാ? 

ഗായിക പുഷ്പവതിയുടെ ബാല്യകാല സംശയം അഥവ 'ഇടവഴിയിലെ ഇരുട്ട് ' 


20 വര്‍ഷമെങ്കിലും കഴിഞ്ഞുകാണും.
പത്താം ക്ലാസ്സ് ഗോയിംഗ് വെക്കേഷന്‍ ക്ലാസ് നടക്കുകയാണ്. അന്നത്തെ ക്ലാസ്സു കഴിഞ്ഞു. പുഷ്പവതി എന്റെ അടുക്കലേക്കു വന്നു. (പുഷ്പവതിയെ കുട്ടികാലം മുതല്‍ ക്കേ എനിക്കറിയാം. അവരുടെ രണ്ടു ചേചച്ചിമാരേയും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട് അതിലൊരാള്‍ , ഗീത, വനിതാ ഏ.എസ്.ഐ ആണ് ഇപ്പോള്‍ .)
ക്ലാസ് സംബന്ധമായ എന്തെങ്കിലും സംശയം ചോദിക്കാനാവുമെന്നാണ് ഞാന്‍ കരുതിയത്. സംശയം മറ്റൊന്നായിരുന്നു:
“മാഷേ, നക്സലൈറ്റ് പാര്‍ട്ടിയില്‍ എങ്ങനാ ചേരാന്‍ കഴിയാ?”
സംഗതി ഗുരുതരമാണല്ലോ. ഒരു 14 കാരിക്ക് നക്സലൈറ്റ് ആവണം പോലും!
“കുട്ടികള്‍ക്കങ്ങനെ പാര്‍ട്ടിയില്‍ ചേരാന്‍ പറ്റില്ല. ആദ്യം വിദ്യാര്‍ത്ഥി സംഘടനയിലും, പിന്നെ യുവജനവേദിയിലും ചേരണം.”
എന്നാല്‍ അങ്ങിനെയെങ്കില്‍ അങ്ങിനെ.. അതും ഒരു ചെറിയ നക്സലൈറ്റ് ആണല്ലോ......
അങ്ങിനെ പുഷ്പവതി കെ.വി.എസ്സിലും, യുവജനവേദിയിലും പ്രവര്‍ത്തിച്ചു. പാട്ടുകാരിയെന്ന നിലയില്‍ ജനകീയ കലാ സാഹിത്യവേദിയിലും. “സ്വര്‍ഗ്ഗത്തെ കടന്നാക്രമിച്ച ഗാനങ്ങള്‍” എന്നപേരില്‍ കെ.എ. രമേഷ് കുമാര്‍ ചിട്ടപ്പെടുത്തിയ വിപ്ലവഗാനങ്ങളുടേയും മാവോ കവിതകളുടെ സംഗീത ആവിഷ്ക്കാരങ്ങളുടേയും ഒരു സമാഹാരത്തില്‍ പുഷ്പവതി മുഖ്യ ഗായിക ആയിരുന്നു. കാസറ്റ് പുറത്തിറക്കുന്ന ദിവസം തൃശ്ശൂര്‍ തെക്കേ ഗോപുരനടയില്‍ ഗായകസംഘം ഓക്കസ്ട്ര സഹിതം പാടാന്‍ പരിപാടി ഉണ്ടായിരുന്നു. പക്ഷേ പുഷ്പവതി തയ്യാറായില്ല. വിപ്ലവ ഗാനങ്ങള്‍ പരസ്യവേദിയില്‍ പാടില്ലെന്നും, ശുദ്ധ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമായിരുന്നു പുഷ്പവതിയുടെ അപ്പോഴത്തെ നിലപാട്. അവസാന നിമിഷം ഗാനാലാപന പരിപാടി ഒഴിവാക്കി കാസറ്റ് പ്രകാശനം ചെയ്തു.!

ഇതുപോലെ ചില്ലറ കാര്യങ്ങളില്‍ പലപ്പോഴും വിയോജിപ്പ് പുലര്‍ത്താറുണ്ടെങ്കിലും ഞങ്ങളുടെ വ്യക്തിബന്ധം മുന്നോട്ടുപോയി. പരസ്പരം കാണുമ്പോള്‍ ഒരുപക്ഷേ ഇതെല്ലാം മനസ്സില്‍ ചെറിയ തോതില്‍ അലട്ടാറുണ്ടെങ്കിലും.

നാലോ അഞ്ചോ വര്‍ഷം മുന്‍പാണെന്ന് തോന്നുന്നു, മണിമലര്‍ക്കാവ് ഉത്സവം കണ്ട് സന്ധ്യക്ക് മടങ്ങുകയായിരുന്നു. എന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് പ്രവേശിച്ചു. മുഖവുരകൂടാതെ പുഷ്പാവതി പറഞ്ഞു: 

‘എനിക്ക് കുറേ തെറ്റുകള്‍ പറ്റിയിട്ടുണ്ട്. മാഷൊന്നും വിചാരിക്കരുത്..... എന്നോട് ക്ഷമിക്കണം......... എനിക്ക് മാപ്പു തരണം”
പുഷ്പയുടെ തൊണ്ടയിടറുന്നത് എനിക്ക് വ്യക്തമായ അറിയാമായിരുന്നു. എന്നാല്‍  എന്റെ കണ്ണുകള്‍ നിറഞ്ഞത് പുഷ്പവതി കാണാതെ രക്ഷപ്പെടാന്‍
ഇടവഴിയിലെ ഇരുട്ട്.എന്നെ സഹായിച്ചു.

.........................................
എനിക്കും എന്റെ മകനും ഫോട്ടോഗ്രാഫി അറിയാമായിരുന്നിട്ടും, വീട്ടില്‍ ക്യാമറകള്‍ ഉണ്ടായിരുന്നിട്ടും കൂട്ടുകാരുമൊത്തുള്ള ഫോട്ടോകള്‍ കാര്യമായി എടുക്കുകയോ, എടുത്തവ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല.. അത് എനിയെങ്കിലും പരിഹരിക്കണം എന്നതിന്റെ പേരില്‍ ഇന്ന് പുഷ്പാവതി വീട്ടില്‍ വന്നപ്പോള്‍ ഒരു ഫോട്ടോ ....

Bodhi Starts....

Here we begin a new blog.....
WELCOME...