Sunday 23 October 2016

ഞങ്ങള്‍ വഴി തെറ്റിപ്പോയവര്‍!

എന്റെ ഒരു എഫ് ബി പോസ്റ്റിനു കീഴെ ഞാന്‍ രാഷ്ട്രീയമായി വഴിതെറ്റിപ്പോയവനാണെന്നുള്ള മട്ടില്‍ സ്മൈലികളുടെ അകമ്പടിയോടെ ഒരു കമന്റ് കാണാന്‍ ഇടവന്നു. (എന്റെ ജീവിതസഖി ഗ്രാമപഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റിനു കീഴെയായിരുന്നു ആ പരമാര്‍ശം)
എന്റെ അച്ഛന്‍, രണ്ടു ഇളയച്ഛന്മാര്‍, രണ്ടു ജേഷ്ഠന്മാര്‍, എന്റെ അനിയനും അനിയത്തിയും എല്ലാം ഉറച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരാണു് അന്നും ഇന്നും. അച്ഛനും ഇളയച്ഛന്മാരും ജേഷ്ഠന്മാരും മരിച്ചുപോയി. ഞാനാണു് ഇപ്പോള്‍ സാങ്കേതികമായി കുടുംബ കാരണവര്‍.
വേലൂരിലെ ആദ്യത്തെ പാര്‍ട്ടികല്യാണം എന്റെ ഇളയച്ഛന്‍ അറുമുഖന്റേതായിരുന്നു. സഖാവ് കുറുമ്പയുമായി. അതിലെ മൂത്തമകനാണു് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍ ബ്ലോക്കു് പഞ്ചായത്തു് മെംബറുമായിരുന്ന അനില്‍ കുമാര്‍ എന്ന അനിലന്‍ മാഷ്. എന്റെ സ്ഥാപനമായ ബോധി കോളേജില്‍ ഏകദേശം 30 വര്‍ഷാത്തോളം അദ്ധ്യാപകനായി ജോലി ചെയ്തതിനാലാണു് അദ്ദേഹം അനിലന്‍ മാഷ് ആയി മാറിയതു്. (അപൂര്‍വ്വ സുന്ദരമാണു് അനിലന്‍ മാഷുടെ ക്ലാസ്സുകള്‍!)

കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ ഞാനെന്റെ സ്കൂള്‍ വിദ്യാഭ്യാസത്തിനു് പള്ളിസ്കൂളില്‍ ഹരിശ്രീ കുറിക്കുകയാണു്. വിമോചന സമരം നടക്കുമ്പോള്‍ ഞാന്‍ രണ്ടാം ക്ലാസ്സിലാണു്. നല്ല ഓര്‍മ്മയുണ്ട്, ചരിത്ര പ്രസിദ്ധമായ വിമോചന സമരവും കനാല്‍ സമരവും. അച്ഛന്റെ വി‍രല്‍ തുമ്പില്‍ തൂങ്ങി കനാല്‍ സമരം കാണാന്‍ പോയതും മണ്ണു നിറച്ചു് കുതിച്ചുവരുന്ന റെയില്‍ ട്രോളിക്കു മുന്നില്‍ സഖാവ് എ.എസ്.എന്‍ നമ്പീശന്‍ മാസ്റ്റര്‍ കമഴ്ന്നുകിടന്നതു് കാണാനാവാതെ കണ്ണുപൊത്തി നിന്നതും പോലീസുകാര്‍ സഖാവിന്റെ മുടിക്കു പിടിച്ച് വലിച്ചിഴച്ചതും, പട്ടാളത്തില്‍ നിന്നും ലീവില്‍ വന്ന ശങ്കുണ്ണ്യേട്ടന്‍ പോലീസുകാരനെ തല്ലി കൂര്‍ത്ത തൊപ്പി തെറിപ്പതും 9 കോല്‍ ചുറ്റളവുള്ള കിണറെടുത്തു് ചാടിയോടിയതുമെല്ലാം മറ്റെന്തിനേക്കാളും നല്ല ഓര്‍മ്മയുണ്ട്.
മിച്ചഭൂമി സമരത്തില്‍ സഖാവ് കെ.എസ്സ് ശങ്കരനോടൊപ്പം കുറാമലയില്‍ നിന്നു് കൊള്ളി (കപ്പ) പറിച്ചു് പാതിരാക്കു ശേഷം പോസ്റ്റാഫീസ് സെന്ററിലേക്കു് ഞാനും തലച്ചുമടായി അണ്ണാറക്കണ്ണനെപോലെ ചുമന്നതും സഖാവ് കെ.എസിനെ പോലീസുകാര്‍ തെങ്ങില്‍ കെട്ടിയിട്ടു് തല്ലിയതുമെല്ലാം ആര്‍ക്കാണു് ഓര്‍മ്മയില്‍ നിന്നു് മായ്ക്കാന്‍ കഴിയുക?
ഒതുക്കി പറഞ്ഞാല്‍ സ. എ.എസ്.എന്‍ നമ്പീശന്‍ മാസ്റ്റരും സ.കെ.എസ്സുമാണു് എന്നെ 'വഴി തെറ്റിച്ച'തു്. അവര്‍ ചെയ്തതുപോലുള്ള സമരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുകൊണ്ടു പോകണമെന്നു് ആഗ്രഹിച്ചാണു് ഞാന്‍ നക്സലൈറ്റ് ആയതു്! എന്റെ ഇളയച്ഛന്‍ എ.പി അറുമുഖന്‍ നടത്തിയ പാര്‍ട്ടി കല്യാണമാണു് ഞാനും മിശ്രവിവാഹമെ കഴിക്കുവെന്നു് കുട്ടിക്കാലത്തു് തന്നെ വിചാരിച്ചുറപ്പിക്കാന്‍ ഇടവരുത്തിയതും വത്സ ടീച്ചറെ പിന്നീട് ജീവിതസഖിയാക്കി വഴിതെറ്റിച്ചതും, പിന്നീട് ബോധി കോളേജിലൂടെ ഒട്ടേറെ പേരെ ഞങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വഴിതെറ്റിച്ചതും! ഇപ്പോള്‍ ആ വഴിതെറ്റിയ വത്സ ടീച്ചര്‍ സി.പി.ഐ (എം.എല്‍) റെഡ് ഫ്ലാഗ് സ്ഥാനാര്‍ത്ഥിയാണു്, ഈ ചരിത്രസമര ഭൂമികയില്‍!

No comments:

Post a Comment